Sunday, 6 November 2011

മുനിയറയിൽ ഒരു രാത്രി

പ്രകൃതിയുടെ നിഗൂഢ പ്രതിഭാസമാണു മുനിയറകൾ. അത്തരമൊരു മുനിയറയിൽ ഒരു രാത്രി തനിയെ കഴിഞ്ഞു കൂടിയതിന്റെ അനുഭവക്കുറിപ്പാണിത്.

മുനിമാർ ആത്മസാക്ഷാത്ക്കാരത്തിനു തപസു ചെയ്ത ഇടങ്ങളാണു മുനിയറകൾ. പക്ഷെ ഇന്നു എന്ത് തപസ്? പ്രകൃതിയിലൂടെയുള്ള യാത്രയാണു എന്നെ അവിടെ കൊണ്ടെത്തിച്ചത്. ഒന്നു കണ്ട് മടങ്ങാമെന്നായിരുന്നു വിചാരം. പക്ഷെ അതു നടന്നില്ല. മുനിയറയിൽ ഒരു രാത്രി തങ്ങേണ്ടി വന്നു.

ബസ്സിറങ്ങിയത് മലർക്കെ തുറന്നു കിടക്കുന്ന പ്രകൃതിയിലേക്കായിരുന്നു. പതുക്കെ നടന്നു. ദൂരെ കുന്നുകൾ കാണാം. അവയ്ക്കിടായിലൂടെ തെളിഞ്ഞ സൂര്യബിംബം. അസ്തമനത്തിനു നേരമായി. തുടുത്ത സൂര്യമുഖത്തേക്ക് നോക്കി ഞാൻ മുകളിലേക്ക് നടന്നു. തെളിഞ്ഞ ആകാശം. എന്നാലും സൂര്യനു ചുറ്റും തൊങ്ങലുചാർത്താൻ കാർമേഘങ്ങൾ നിരന്നു. മനോഹരമായിരുന്നു ആ കാഴ്ച!

കുന്നുകൾ വശ്യമായിരുന്നു. ആകശത്തേക്കുയർന്നു ബൃഹത്തായ രണ്ട് മകുടങ്ങൾ പോലെ. അവയിൽ സ്വർണ്ണവെളിച്ചം പ്രതിഫലിച്ചു. അവയുടെ മുകളറ്റത്ത് വനനീലിമ പടർന്നു കിടന്നു. രണ്ട് വിശാലമായ തടാകങ്ങളായി. അടുത്തു ചെന്നപ്പോൾ അവ ഞാവൽക്കാടുകൾ ആണെന്നു ഞാനറിഞ്ഞു. കുന്നിന്റെ കുംഭാഗ്രത്തെ ചുറ്റി വൃത്താകൃതിയിൽ ഞാവൽ മരങ്ങൾ തഴച്ചു നിന്നു. അവയിൽ നിന്നും ഞാവൽ‌പ്പഴങ്ങൾ കൊത്തിപ്പറക്കുന്ന കിളികൾ. അവയുടെ ചുണ്ടുകൾ ചുവന്നു തുടുത്തിരുന്നു.

സൂര്യനിലേക്ക് കഴുത്തു നീട്ടിക്കിടക്കുന്ന ഭൂപ്രകൃതി. അതിനിരുവശവും രണ്ട് കൈവഴികൾ. അവ താഴേക്ക് നീണ്ടു കിടന്നു. അവയിലൂടെയാണു ഞാൻ മുകളിലേക്ക് മെല്ലെ കടന്നു ചെന്നത്. തൂവെള്ള മഞ്ഞ് ആവരണം ചെയ്ത മലമുടികൾ. കൈവീശി അവയഴിച്ചെടുക്കാൻ തോന്നും.പൊതിഞ്ഞും പൊതിയാതെയും അവ അതീവ മനോഹരങ്ങളാണു! സൂര്യതാപമേൽക്കുമ്പോൾ സ്വയമവ അനാവൃതമാകും. ആ കാഴ്ചയ്ക്ക് ഞാൻ കാത്തിരുന്നു.


കുന്നുകൾക്ക് താഴെയാണു മുനിയറ. കൈ വഴിയിലൂടെ കടന്നു ചെന്നതു കൊണ്ട് മലകൾക്കിടയിലെ ഒറ്റയടിപ്പാത  താണ്ടി താഴേക്ക് ചെല്ലേണ്ടി വന്നു. പണ്ട് കാട്പിടിച്ച സ്ഥലത്തായിരുന്നു മുനിയറ. ഇന്നത് വെട്ടിത്തെളിയിച്ച് തുറന്നിട്ടിരിക്കുന്നു. കാടുകൾക്കിടയിൽ മുനിയറ മറഞ്ഞിരിക്കുന്നത് ഞാൻ ആലോചിച്ചു. ആ കാഴ്ച ഒരിക്കൽക്കൂടി കാണാൻ ആഗ്രഹിച്ചു. പിന്നെ ഇപ്പോഴത്തെ കാഴ്ചയിലേക്ക് കണ്ണുകളയച്ചു. ആധുനിക മനുഷ്യന്റെ കരങ്ങൾ എത്താത്തിടമില്ല. ഇപ്പോൾ അവിടെ ഒറ്റപ്പുൽനാമ്പുപോലുമില്ല. വിളറിയ ഊഷരത. ദൂരെ വിജനതയിൽ മുനിയറ തെറിച്ചു നിന്നു. നിബിഡവനങ്ങളുടെ വശ്യതയില്ലെങ്കിലും മുനിയറ അതിന്റെ പുണ്യപുരാതന ഭാവം കൊണ്ട് ആവേശം കൊള്ളിച്ചു. അവിടെയെത്താൻ ക്ഷമ വെമ്പി.

കുന്നിറങ്ങിച്ചെല്ലുന്നത് സമതലത്തിലേക്ക് ആണു. മലകൾക്കിടയിലെ ഊടുവഴിയിലൂടെ മെല്ലെ നടന്നു. ദീർഘദൂരം നടക്കാനുണ്ട്. സമതലത്തിന്റെ പകുതിയിൽ പണ്ടെപ്പോഴോ വറ്റിപ്പോയ തടാകത്തിന്റെ അവശിഷ്ടം കാണാം. എത്ര ജീവനുകൾ അതിലെ ജീവജലമൂറ്റിക്കുടിച്ച് ഈ ലോകത്തിൽ ജീവിച്ചിരിക്കണം? കാലിൽ നിന്നൊരു തരിപ്പ് കയറുന്നു അതോർക്കുമ്പോൾ. തടാകത്തിലേക്കിറങ്ങാനുള്ള ചുറ്റുപടവുകൾ ചുഴി പോലെ താഴേക്കിറങ്ങിപ്പോകുന്നു. അതിന്റെ ആഴം അജ്ഞാതം! സമതലം നടന്നെത്തുന്നത് ഒരല്പമുയർന്ന പീഠഭൂമിയിലേക്കാണു. അത് കയറിയിറങ്ങുന്നത് താഴ്വരയിലേക്കാണു. പണ്ട് വശ്യഗന്ധം പറ്റിനിന്ന കാടുകൾ അവിടെയുണ്ടായിരുന്നു. എക്കാലത്തും മനുഷ്യനെ പ്രചോദിപ്പിക്കുന്നത് പ്രകൃതിയുടെ അജ്ഞാത ഗന്ധങ്ങളാണു.

താഴ്വരയുടെ അതിരിൽ മുനിയറ! വളരെക്കാലമായി ആരെങ്കിലും അവിടെയെത്തിയിട്ട് എന്നു തോന്നും. അതിന്റെ മുഖക്കല്ലുകൾ ചേർന്നു നിന്നു. ഞാനൊരു സാഹസികന്റെ മനസ്സൊടെ മുനിയറയിലേക്ക് നീങ്ങി. മറ്റു മുനിയറകളേപ്പോലെയല്ല ഇതെന്നു മനസ് പറഞ്ഞു. ഏതെങ്കിലും അനുഷ്ഠാനത്തിനായി കടന്നിരിക്കാവുന്ന മുനിയറകൾ അനവധിയുണ്ട്. അവയൊക്കെ കർത്തവ്യകർമ്മത്തിന്റെ ഭാഗം. തപസുകൾക്കു ഉള്ളതാണിത്. അനാദിയായ ക്ഷമവേണം ഇത്തരമിടങ്ങളിൽ എത്തിപ്പെടാൻ. പിന്നെയും ദൃഢമായ ക്ഷമയോടും സ്ഥൈര്യത്തോടും പ്രവർത്തിച്ചെങ്കിലെ മുനിയറകൾ സാധകനെ സ്വീകരിക്കു. എത്രപേർ ഇതുവഴി കടന്നു പോയിരിക്കണം. പക്ഷെ പ്രകൃതി എനിക്ക് വേണ്ടി ഇത്
മാറ്റിവച്ചു എന്നു ധരിക്കണം. അതിന്റെ പൊരുളാണു തീരെ അറിയാതെ പോകുന്നതും.


 മുനിയറയിലേക്കിറങ്ങാൻ വേറെയും വഴികളുണ്ട്. അതിനു താഴെ നിന്നു തുടങ്ങണം. പക്ഷെ അവയ്ക്ക് ദൈർഘ്യമേറും. എന്നാൽ ആ യാത്രയും ആഹ്ലാദകരമാണു. അടിവാരത്തിൽ നിന്നു നോക്കുമ്പോൾ ദൂരെ മുകളിലായി മുനിയറ കാണാം. രണ്ട് മൺ‌തിട്ടകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നതു കൊണ്ട് അതെപ്പോഴും ഇരുൾ മൂടിക്കിടന്നു. താഴെനിന്നുള്ള ഒറ്റയടിപ്പാതകൾ അവിടേക്കാണു. രണ്ട് വഴികളുണ്ട്. ഇടതും വലതും. ഏത് വഴിപോയാലും അവിടെയെത്താം. വഴികളിൽ മുട്ടും തടവുമുണ്ട്. അവയിലൂടെ മെല്ലെ കയറിപ്പോകണം. ഓരോ ഇഞ്ചിലും മനസിരുത്തി മുകളിലേക്ക്. ഉയരങ്ങളിലെത്തുന്തോറും വിശാലമാകുന്നു മൺ‌തിട്ടകൾ. എന്നാൽ അവ നിരപ്പല്ല. സ്തൂപങ്ങൾ പോലെയാണവയുടെ ആകൃതി. ഇളം നീലപ്പുൽക്കാടുകൾ പടർന്നവ മനോഹരമാണു. മുകളീലേക്ക് ചെല്ലുന്തോറും തിണ്ടുകൾ കനക്കുന്നു. വിസ്താരമേറിയ അടിസ്ഥാനത്തിലേക്കാണത് ചെന്നു ചേരുന്നത്. തിണ്ടുകളുടെ മറുപുറത്തു കൂടിയും മുനിയറയിലേക്കൊരു വഴിയുണ്ട്. വളരെ ഇടുങ്ങിയതാണത്. ചൂടും ഈർപ്പവും നിറഞ്ഞത് ഇരുണ്ടിരിക്കുന്നു. ദീർഘമായ ക്ഷമയും സാഹസികതയുമുള്ളവരേ ആ വഴി തെരെഞ്ഞെടുക്കാറുള്ളു. പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ടു അതുവഴിയുള്ള യാത്ര ആയാസകരമാണെങ്കിലും വ്യത്യസ്ഥതയെന്ന നിലയിൽ ആഹ്ലാദകരമാണു.

ഒടുവിൽ മുനിയറയ്ക്ക് മുന്നിൽ! കൽ‌പ്പടവിൽ ഞാൻ ചുംബിച്ചു. രണ്ട് കൽ‌പ്പാളികൾ ചേർന്നിരിക്കുന്ന ഗുഹാമുഖം. ഇരുവശങ്ങളിലേക്കുമത് അകറ്റി ഞാൻ ഉള്ളിലേക്ക് നോക്കി. മുകളിൽ നിന്നു നീണ്ടു നിൽക്കുന്ന കൽക്കുറ്റി ശ്രദ്ധിച്ചു. അതിൽ തിരുപ്പിടിപ്പിച്ചു കൊണ്ട് മുനിയറയുടെ ആഴങ്ങളിലേക്ക് നോക്കി. താമരത്തേനിന്റെ സുഗന്ധം മൂക്കിലടിച്ചു. വിരലുകളിൽ പതിയുന്ന നനവ്. കരിങ്കൾ പാളികൾ ആവാഹിച്ച ചൂടും അതിനൊപ്പം കയ്യിലേക്ക് പകർന്നു. അധികമൊന്നും ഉള്ളിലേക്ക് കാണാനാവുന്നില്ല. ആദിമമായ ഒരിരുൾ അതിൽ വ്യാപിച്ചു നിന്നു. ഞാൻ മെല്ലെ അകത്തേക്ക് കടന്നു. വളരെ ദുഷ്കരമായിരുന്നു ആദ്യമത്. എവിടേക്ക് പോകണം? എത്ര ദൂരം പോകണം. ഒന്നുമറിയില്ല. സങ്കോചത്തോടെ പുറത്തിറങ്ങിയിട്ട് വീണ്ടും ഒരിക്കൽ കൂടി ശ്രമിച്ചു. അല്പദൂരം മുന്നോട്ട് പോകാനായി. ഉള്ളിലേക്ക് ചെല്ലുന്തോറും ഞെരുക്കം കൂടി. ഗുഹാഭിത്തികളിലൂടെ ഉരസി നീങ്ങുമ്പോൾ മിന്നൽ തരംഗങ്ങൾ പായുന്നത് കണ്ടു. പ്രകൃതി ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നു തോന്നി. സമതലങ്ങളിൽ മണൽത്തരികൾ ഉരുണ്ട് കൂടി തരിച്ചു നിന്നു. ഞാവൽക്കാടുകാൾ കാറ്റിൽ തഴച്ചു. വീർത്തഞാവൽ‌പ്പഴങ്ങൾ തെരുതെരെ അടർന്നു വീണു. സൂര്യമുഖം ഇരുണ്ട് ഗൌരവമായി. അഗ്നിയിൽ നിന്നു ജലമുണ്ടാകുന്നു. ആകാശത്തിൽ ജലബിന്ദുക്കൾ ഉരുണ്ട് കൂടാനാരംഭിച്ചു. അവ ചാലുകളായി താഴേക്കൊഴുകി. മലകളിൽ ഈർപ്പം നിറഞ്ഞു.

മുനിയറയുടെ സുരക്ഷിതത്വത്തിലായിരുന്നു ഞാനപ്പോൾ. മുന്നോട്ടും പിന്നെയൊരല്പം പിൻ‌വാങ്ങി പിന്നോട്ടും വീണ്ടും മുന്നോട്ടുമായി ഞാൻ മുനിയറയിലൂടെ സഞ്ചരിച്ചു. അപ്പോൾ അപൂർവ്വശബ്ദങ്ങൾ ഉണരുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഉള്ളിലാരാണുള്ളത്? ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ക്ഷമയുടെ പുറന്തോട് അടർന്നു പോയിരുന്നു. ഞാൻ ആവേശത്തോടെ കുതിച്ചപ്പോൾ ആരോ പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി!
“ആരാണു ചിരിക്കുന്നത്?” - അതെന്റെ മനസിൽ തട്ടി പ്രതിദ്ധ്വനിച്ചു തിരിച്ചു വന്നു.
“ഞാൻ മുനിയറയുടെ ദേവത”
“എന്താ?”
മറുപടിയൊന്നും കിട്ടിയില്ല. എവിടെയാണവൾ? ഞാൻ ചുറ്റിനും നോക്കി.
“എനിക്കെന്താണു കാഴ്ച കൊണ്ടുവന്നിരിക്കുന്നത്?”
യഥാർത്ഥത്തിൽ അങ്ങനെയൊന്നും ഞാൻ സങ്കല്പിച്ചിരുന്നില്ല. മലയിറങ്ങുമ്പോൾ വെറുതെ ഒന്നു രണ്ട് ഞാവൽ‌പ്പഴങ്ങൾ എടുത്തു വച്ചിരുന്നത് ഓർമ്മ വന്നു. സഞ്ചിയിൽ നിന്നതെടുത്ത് ഞാൻ ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി നീട്ടി. എന്റെ കയ്യിൽ നിന്നത് ഉരുണ്ട് പോയി. ആരോ അത് നുണയുന്നപോലെ തോന്നി.
“നന്നായിട്ടുണ്ട്” - പിന്തുടർന്നു ഉയരുന്ന പൊട്ടിച്ചിരി.
പെട്ടെന്നു നനുനനുത്തതെന്തോ വന്നെന്നെ പൊതിഞ്ഞു. പാട പോലെ! അതെന്നെ ഇറുക്കിപ്പിടിക്കാൻ തുടങ്ങിയപ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്വത്തിലേക്ക് ഞാനമർന്നു. ഒരല്പനേരം അതു തുടർന്നു. എന്റെ വർത്തമാ‍ന കാലബോധങ്ങൾ മെല്ലെ അഴിഞ്ഞില്ലാതാകാൻ തുടങ്ങി. എനിക്ക് ഭാരം കുറഞ്ഞു. പെട്ടെന്നു ഒരു തലോടൽ പോലെ എന്തോ വന്നെന്റെ മുഖം ആവരണം ചെയ്ത് ഉള്ളിലേക്ക് വലിക്കുന്ന പോലെ തോന്നി. ഞാൻ പറക്കുകയാണോ? ബോധം എന്നിൽ നിന്നും തീർത്തും വിട്ടുപോയി. മനസിൽ കാലം ചലിക്കാതെയായി. ഞാനൊരു ശിലപോലെയുറഞ്ഞു. പിന്നീട് ഉണരുമ്പോൾ ഞാൻ മുനിയറയ്ക്ക് പുറത്തേക്ക് വീണു കിടക്കുകയായിരുന്നു. ആരോ വെള്ളം തളിച്ചുണർത്തിയപ്പോൾ കണ്ണു മിഴിച്ചു. മഴ പെയ്യുകയായിരുന്നു.
(ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ)